07:30am 09 November 2026
NEWS
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
03/08/2026  06:42 PM IST
NILA
കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓഗസ്റ്റ് 4 ചൊവ്വാഴ്ച ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു. ചില ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകിയപ്പോൾ, ചിലയിടങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും നിർദിഷ്ട താലൂക്കുകളിലെ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകം.

പത്തനംതിട്ട:
ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കനത്ത മഴയും നിരവധി സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സാഹചര്യവുമാണ് തീരുമാനത്തിന് കാരണം.

മലപ്പുറം:
ജില്ലയിലെ സ്‌കൂളുകൾ, പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പി.എസ്.സി. പരീക്ഷകൾക്ക് മാറ്റമില്ല.

കോഴിക്കോട്:
മലയോര മേഖലകളിൽ ഉൾപ്പെടെ ശക്തമായ മഴ തുടരുകയും വെള്ളക്കെട്ട് രൂക്ഷമാകുകയും ചെയ്ത സാഹചര്യത്തിൽ ജില്ലയിലെ എല്ലാ സ്‌കൂളുകൾക്കും, പ്രൊഫഷണൽ കോളേജുകൾക്കും, അങ്കണവാടികൾക്കും, മദ്രസകൾക്കും, ട്യൂഷൻ സെന്ററുകൾക്കും അവധി പ്രഖ്യാപിച്ചു. എന്നാൽ ഓൺലൈൻ ക്ലാസുകൾക്ക് ഈ അവധി ബാധകമല്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ആലപ്പുഴ:
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. വെള്ളക്കെട്ടും വിവിധ സ്‌കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതുമാണ് അവധിക്ക് കാരണം.

കണ്ണൂർ:
പയ്യന്നൂർ, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. സ്‌കൂളുകൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ എന്നിവയ്ക്ക് അവധി ബാധകമാണ്. എന്നാൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കാത്ത പ്രൊഫഷണൽ കോളേജുകൾ സാധാരണപോലെ പ്രവർത്തിക്കും. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാല, പൊതുപരീക്ഷകൾ, അഭിമുഖങ്ങൾ എന്നിവയ്ക്ക് മാറ്റമില്ല.

ഇടുക്കി:
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ക്യാമ്പ് അവസാനിക്കുന്ന ദിവസംവരെ അവധി പ്രഖ്യാപിച്ചു. നഷ്ടമാകുന്ന പഠനസമയം ഓൺലൈൻ ക്ലാസുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളിലൂടെ ക്രമീകരിക്കാൻ വിദ്യാഭ്യാസ സ്ഥാപന മേധാവികൾ നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.

വയനാട്:
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

ജില്ലകളിൽ മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക മുന്നറിയിപ്പുകൾ കർശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടങ്ങൾ അഭ്യർഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img